---
title: "'ജോസഫി'ന് ശേഷം എം.പത്മകുമാർ; റോഷൻ മാത്യുവിന്റെ പോലീസ്  ത്രില്ലർ 'ഉയിർ' ഓഗസ്ററ് 4 മുതൽ ഒ.ടി.ടിയിൽ"
english_title: "Uyir Movie OTT Release Date JioHotstar Roshan Mathew M Padmakumar-new-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374472/ uyir-movie-ott-release-jiohotstar-roshan-mathew-new-new"
published_at: "2026-07-25T10:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6440a93288a_uyir-movie-ott-release-jiohotstar-roshan-mathew-new.jpg"
keywords: ["Latest News", "Uyir", "Roshan Mathew", "M Padmakumar", "Police Thriller"]
---

# 'ജോസഫി'ന് ശേഷം എം.പത്മകുമാർ; റോഷൻ മാത്യുവിന്റെ പോലീസ്  ത്രില്ലർ 'ഉയിർ' ഓഗസ്ററ് 4 മുതൽ ഒ.ടി.ടിയിൽ

> **Lead Summary:** **[**സംവിധായകൻ എം. പത്മകുമാർ ഒരുക്കിയ പുതിയ ഇൻവെസ്റ്റിഗേറ്റീവ് ചിത്രം 'ഉയിർ' ഒ.ടി.ടിയിലേക്ക്. റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഓഗസ്റ്റ് 4 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

## Article Content

**[**സംവിധായകൻ എം. പത്മകുമാർ ഒരുക്കിയ പുതിയ ഇൻവെസ്റ്റിഗേറ്റീവ് ചിത്രം 'ഉയിർ' ഒ.ടി.ടിയിലേക്ക്. റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഓഗസ്റ്റ് 4 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജൂൺ 26-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ പോലീസ് പ്രൊസീജറൽ ചിത്രം കണ്ണൂർ ധർമ്മടം പോലീസ് സ്റ്റേഷനിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 'വർഗം', 'വാസ്തവം', 'ശിക്കാർ', 'ജോസഫ്' എന്നീ മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളിലൂടെ മലയാളികളുടെ ദൃശ്യബോധത്തെ സ്വാധീനിച്ച എം. പത്മകുമാറിന്റെ ഏറ്റവും പുതിയ സംരംഭമാണിത്.

അജീബ് റഹ്മാൻ, ശോഭ, രാജു, ഭുവനേശ്വർ, റാന്തൽ, മീനു, ദേവ എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഗങ്ങളായി കഥ മുന്നോട്ട് പോകുന്ന സിനിമ ഓരോ ഘട്ടത്തിലും പുതിയ ദുരൂഹതകളാണ് തുറന്നുകാട്ടുന്നത്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും, ഒരു സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനേക്കാൾ ഉപരി വൈകാരിക തലങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നതാണ് ചിത്രത്തിന്റെ ഘടന.

'ഇലവീഴാപൂഞ്ചിറ'യുടെ സഹരചയിതാവും യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും, ഗായകനും നടനുമായ നിഖിൽ കെ. മേനോനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ രചനയിൽ പങ്കാളിയായതുകൊണ്ട് പോലീസ് ജീവിതവും കേസ് അന്വേഷണ രീതികളും അതിന്റെ എല്ലാ സ്വാഭാവികതയോടും കൂടി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

**താരനിരയും അണിയറപ്രവർത്തകരും**

റോഷൻ മാത്യുവിന് പുറമെ ബൈജു സന്തോഷ്, വിനീത് തട്ടിൽ, ദിവ്യ എം. നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവരും ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

'പൊറിഞ്ചു മറിയം ജോസ്', 'ഗരുഡൻ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും മണികണ്ഠൻ അയ്യപ്പയും എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും കൈകാര്യം ചെയ്തിരിക്കുന്നു.

വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവർക്ക് പുറമെ മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ വംശപരമ്പരയിലെ നാലാം തലമുറക്കാരൻ നിരഞ്ജൻ ഭാരതിയും ഉമേഷ് പിലിക്കുഡേലുവും ചേർന്ന് തമിഴ്, കന്നഡ ഗാനങ്ങൾ എഴുതുന്നു എന്ന പ്രത്യേകതയും ഉയിരിനുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374472/ uyir-movie-ott-release-jiohotstar-roshan-mathew-new-new)